ഗുരുവായൂര്‍ ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയില്‍ പെണ്‍വേഷത്തില്‍ യുവാവ്, കസ്റ്റഡിയിലെടുത്തപ്പോള്‍ തെളിഞ്ഞത് വൻഗൂഢാലോചന.
ഗുരുവായൂരില്‍ പെണ്‍വേഷത്തില്‍ എത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ തെളിഞ്ഞത് വൻഗൂഢാലോചന.
പെണ്‍വേഷം ധരിച്ച് യുവതിയെ കൊല്ലാനെത്തിയ അഞ്ചംഗ സംഘമാണ് പിടിയിലായത്. തൊടുപുഴ മുട്ടം സ്വദേശികളായ ചോലമറ്റത്തില്‍ പ്രസാദ്, ഒറ്റപ്ലാക്കല്‍ വീട്ടില്‍ ആദർശ്, തൈപ്പറമ്പില്‍ ബിനീഷ്, തേങ്ങില്‍ ഷാഹിദ്, കാരക്കുന്നേല്‍ സ്റ്റീഫൻ എന്നിവരെയാണ് ഗുരുവായൂർ ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 16 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
യുവതിയുടെ മുൻകാമുകനായ പ്രസാദിനെയാണ് പെണ്‍വേഷത്തില്‍ സംശയാസ്പദമായി പൊലീസ് ആദ്യം കണ്ടെത്തിയത്. പടിഞ്ഞാറെ നടയില്‍ പെണ്‍വേഷം ധരിച്ച് നില്‍ക്കുകയായിരുന്ന ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് പൊലീസ് നടത്തിയ പട്രോളിംഗിനിടെയാണ് കാറില്‍ കറങ്ങുകയായിരുന്ന മറ്റു നാലുപേരും പിടിയിലായത്. കാറില്‍ നിന്ന് കഞ്ചാവും കണ്ടെടുത്തു. തൃശൂരില്‍ സ്പായില്‍ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശിയായ യുവതിയെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. അഞ്ചംഗസംഘം കൃശൂുരിലെത്തിയ വിവരമറിഞ്ഞ് യുവതി ഗുരുവായൂരിലേക്ക് മാറുകയായിരുന്നു. ഇത് മനസിലാക്കിയ പ്രതികളും ഗുരുവായൂരിലെത്തി യുവതിയെ കണ്ടെത്തി ആക്രമിക്കാനായിരുന്നു പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു.